തിരുവനന്തപുരം: നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂള്‍ തുറക്കല്‍. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂള്‍ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്.
കുട്ടികള്‍ സ്കൂളിലെത്തുമ്പോള്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 8, 9 ക്ലാസുകള്‍ ഒഴികെ മുഴുവന്‍ ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും.
15 മുതല്‍ 8, 9 ക്ലാസികളും പ്ലസ് വണും കൂടി തുടങ്ങും. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം.

 
                                            