നിലവിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയം ; മുഖ്യമന്ത്രിക്ക് കത്തെഴുതി എം കെ മുനീര്‍

കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണന്ന് എം കെ മുനീര്‍ എംഎല്‍എ. ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കുന്നതും സമയക്രമീകരണം ഏര്‍പ്പെടുത്തുന്നത് രോഗവ്യാപനം കുറയ്ക്കുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലൂടെയാണ് എംകെ മുനീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോവിഡ് വ്യാപനം പൂര്‍ണമായി തടയുവാന്‍ പര്യാപ്തമാണെന്ന് കാണുന്നില്ല. വിദഗ്ധസമിതി എടുക്കുന്നതായി പറയപ്പെടുന്ന തീരുമാനങ്ങള്‍ തികച്ചും അശാസ്ത്രീയമായാണ് കാണുന്നത്. ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കുന്നതും സമയക്രമീകരണം ഏര്‍പ്പെടുത്തുന്നതും തികച്ചും അശാസ്ത്രീയമാണ്. എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്നതു വഴി വ്യാപാരസ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കഴിയും. എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള ആള്‍ക്കൂട്ടം ഒഴിവാക്കാനും ജനങ്ങള്‍ കൂട്ടമായി കടകളിലേക്ക് ഒഴുകിയെത്തുന്നത് നിയന്ത്രിക്കുവാനും കഴിയുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

അതുപോലെ ബാങ്കുകള്‍ ആഴ്ചയില്‍ മൂന്നു ദിവസം എന്നുള്ളത് എല്ലാ ദിവസവും പ്രവര്‍ത്തിക്കണം. സാമൂഹ്യ അകലം പാലിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ടിപിആര്‍ നിരക്ക് കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ലോക്ക് ഡൗണ്‍ പരിഷ്‌കാരം മൂലം വെള്ളിയാഴ്ചകളില്‍ നിരത്തുകളില്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായിട്ടാണ് കാണുന്നത്. ആയതു കൊണ്ട് ശനി, ഞായര്‍ ദിവസങ്ങളിലും സാധാരണ ദിവസങ്ങള്‍ പോലെ തന്നെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുന്നതാണ് ഉചിതം. ആയതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍, ബാങ്കുകളില്‍, ഇതര സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കി എല്ലാ ദിവസവും കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളണമെന്നും എം കെ മുനീര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *