നിപ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് റെംഡിസിവര്‍; ട്രംപിന് കോവിഡിന് നല്‍കിയ മരുന്ന്

കോഴിക്കോട്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച റെംഡിസിവറും മറ്റൊരു ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിറുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപവൈറസ് ബാധിതര്‍ക്ക് ഉപയോഗിക്കുക.. 400 ഡോസ് റെംഡിസിവറാണ് കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് ലഭിച്ചത്.

റിബാവെറിനും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാമെന്ന് പുതിയ ചികിത്സാ പ്രോട്ടോകോളില്‍ പറയുന്നുണ്ടെങ്കിലും ആദ്യ രണ്ടുമരുന്നുകള്‍ക്കാണ് മുന്‍ഗണന. ഇവ രണ്ടും മെഡിക്കല്‍ കോളേജില്‍ സ്റ്റോക്കുണ്ട്. അതുകൊണ്ട് 2018-ലേതുപോലെ മരുന്ന് വിദേശത്തുനിന്ന് വരുന്നത് കാത്തിരിക്കേണ്ട. അതില്‍ കോവിഡ് ചികിത്സയ്ക്ക് കുറച്ച് ഡോസ് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.

സമ്പര്‍ക്കപ്പട്ടികയിലുള്ള ഏതാനും പേര്‍ക്ക് ഫാവിപിരാവിര്‍ നല്‍കിയിട്ടുണ്ടെങ്കിലും റെംഡിസിവര്‍ നിപ സ്ഥിരീകരിച്ചതിനുശേഷമേ നല്‍കാന്‍കഴിയൂ. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കുന്നതിന് നിയന്ത്രണമുണ്ട്. റെംഡിസിവര്‍ ഇന്‍ജക്ഷനും ഫാവിപിരാവിര്‍ ഗുളികയുമാണ്. 2018-ല്‍ കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധയുണ്ടായപ്പോള്‍ വിദേശത്തുനിന്നാണ് മരുന്നെത്തിച്ചത്. അന്ന് പത്തുപേരിലാണ് റിബാവെറിന്‍ ആന്റിവൈറല്‍ മരുന്നായി ഉപയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *