കോഴിക്കോട്: നിപാ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്. ചാത്തമംഗലത്ത് നിപ ബാധിച്ചുമരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന എട്ട് പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളത്.
ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഏഴ് സാമ്പിളുകള്‍ നെഗറ്റീവായത്. പുണെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച എട്ടു പേരുടെ സാംപിളുകളും നെഗറ്റീവായിരുന്നു. എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്.
നിപ ബാധിച്ച് മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളും സമ്പര്‍ക്കമുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നത് ഈ ഘട്ടത്തില്‍ ആശ്വാസകരമാണ്. ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ പരിശോധനാ ഫലവും ഇന്ന് ലഭിക്കും.
