നയാപൈസയില്ലാ കൈയ്യില്‍, പണമെല്ലാം ധൂര്‍ത്തടിച്ചു; മോണ്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്കി

തിരുവനന്തപുരം: നയാപൈസ കൈയ്യിലില്‍ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിനോട്. പണമെല്ലാം ധൂര്‍ത്തടിച്ചെന്നാണ് മോന്‍സണ്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോന്‍സണ്‍ പറഞ്ഞു. അതേസമയം, ബാങ്ക് വഴി കൈപ്പറ്റിയ തുക പ്രതി സമ്മതിച്ചു. തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തു നിന്ന് പുരാവസ്തുക്കള്‍ വാങ്ങിയെന്ന് അവകാശവാദം. പാസ്പോര്‍ട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോന്‍സണ്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

തട്ടിപ്പു പണം കൊണ്ട് പളളിപ്പെരുനാള്‍ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം അന്‍പതിനായിരം രൂപയും കറന്റ് ബില്ല് ശരാശരി പ്രതിമാസം മുപ്പതിനായിരം രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷയ്ക്ക് ഉള്‍പ്പെടെ ശരാശരി മാസച്ചെലവ് ഇരുപത്തിയഞ്ച് ലക്ഷം വരുമെന്നും മോന്‍സണ്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തട്ടിപ്പുപണം കൊണ്ട് കാറുകള്‍ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്‍കി.

പണം തന്നവര്‍ക്ക് പ്രതിഫലമായി കാറുകള്‍ നല്‍കി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോര്‍ഷെ, ബിഎംഡബ്ള്യൂ കാറുകള്‍ നല്‍കിയെന്നാണ് മൊഴി. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോന്‍സണ്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. പാസ്‌പോര്‍ട്ടില്ലാതെയാണ് മോന്‍സണ്‍ പ്രവാസി സംഘടനാ രക്ഷാധികാരിയായത്.

അതേസമയം, മോണ്‍സണിന്റെ ശബ്ദ സാമ്പിള്‍ ഇന്ന് ശേഖരിക്കും. പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പുവരുത്താനാണിത്. ചേര്‍ത്തലയിലെ മോന്‍സന്റ വീട്ടിലെ റെയ്ഡില്‍ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു. ഭാര്യ, രണ്ട് മക്കള്‍ എന്നിവരുടെ അക്കൗണ്ട് രേഖകളാണ് പിടിച്ചെടുത്തത്. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *