ആരോഗ്യമന്ത്രി വീണാ ജോർജിന് കേന്ദ്രമന്ത്രി ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിച്ചില്ല. ആശാ വർക്കർമാരുടെ വിഷയം അടക്കം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. കേരളാ ഹൗസിലെത്തിയ വീണാ ജോർജ് രാവിലെ മുതൽ ചർച്ചയ്ക്ക് സമയം അനുവദിക്കുമെന്ന കാത്തിരിപ്പിലായിരുന്നു. എന്നാൽ ഇതുവരെ അതിനുള്ള സമയം ലഭിച്ചിട്ടില്ല. ആശാ വർക്കർമാരുടെ വിഷയം, വയനാട് ദുരന്തം, എയിംസ് എന്നീ ആവശ്യങ്ങളാണ് കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിക്കാനിരുന്നത്.
എന്നാൽ മുൻകൂട്ടി ചോദിക്കാതെ കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ലഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവന്ന അറിയിപ്പ്. മന്ത്രി തിരക്കിലാണെന്നും കേരളാ ഹൗസിനെ അറിയിച്ചു.
ഇന്നലെ ആശമാരുമായി മന്ത്രി വീണാ ജോർജ് ചർച്ച നടത്തുകയും ഇത് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി ഡൽഹിക്ക് പോവുന്നു എന്ന അറിയിപ്പ് വന്നത്. മന്ത്രിയുടേത് തിരക്കിട്ട ഡൽഹി യാത്രയാണെന്ന വിമർശനമുയർന്നിരുന്നു. ആശാ വിഷയത്തിൽ നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ പാർലമെന്റിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
അതേസമയം, വൈകീട്ട് അഞ്ചിന് അശോക ഹോട്ടലിൽ ക്യൂബൻ ഉപപ്രധാനമന്ത്രിയുമായി മന്ത്രിമാരായ വീണാ ജോർജ്, കെ.എൻ ബാലഗോപാൽ, വി. അബ്ദുറഹ്മാൻ എന്നിവർ ചർച്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയാണ് ഡൽഹി യാത്രയുടെ പ്രധാന അജണ്ടയെന്നാണ് ഇന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്. അനുമതി ലഭിച്ചാൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആശാവർക്കർമാരുടെ വേതന വർധന ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.
എന്നാൽ അതേസമയം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കാർ മാർ പ്രഖ്യാപിച്ച നിരാഹാര സമരം ഇന്നു മുതൽ ആരംഭിച്ചു. ഇന്നലെ സംസ്ഥാന സർക്കാരുമായി നടന്ന ചർച്ചകളിൽ തീരുമാനമാകാതെ വന്നതോടെയാണ് ആശ വർക്കർമാർമാർ നിരാഹാര സമരത്തിനൊരുങ്ങിയത്. സമരത്തെ പിന്തുണച്ച് ഇന്നും യുഡിഎഫ് നേതാക്കൾ സമരപന്തൽ സന്ദർശിച്ചു. ബിന്ദു തങ്കമണി ഷീജ എന്നിവർ ആദ്യഘട്ട നിരാഹാര സമരമിരുന്നു. സമരത്തിന് പിന്തുണ അർപ്പിച്ച് രമേശ് ചെന്നിത്തല, വിഎം സുധീരൻ ചാണ്ടി ഉമ്മൻ അടക്കമുള്ള യുഡിഎഫ് എംഎൽഎ മാരും പ്രവർത്തകരും സമരപ്പന്തലിലെത്തി. ഡിഎച്ച് എസും ആരോഗ്യമന്ത്രിയുമായി വിളിച്ച് ചേർത്ത ചർച്ച പപരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് മുതൽ നിരാഹാരസമരം ആരംഭിക്കുന്നത്. ആരോഗ്യമന്ത്രി ആശാവർക്കർമാരയുെം കേരള ജനതയെയും പറ്റിക്കുകയായിരുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരീൽ കാണാൻ സമയം കിട്ടിയിട്ടില്ല എന്നും ക്യൂബൻ ഉപ പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് ആരോഗ്യമന്ത്രി ഡൽഹിയിൽ പോയതെന്നും, ആശാ വർക്കേഴ്സ് സമരസമിതി നേതാവ് മിനി പറഞ്ഞു. എന്നാൽ ആശാവർക്കർമമാരുടെ പ്രശ്നത്തോട് സർക്കാർ സ്വീകരിക്കുന്ന നിലപാട് മനുഷ്യത്വ രഹിതമെന്ന് പിസി വിഷ്ണുനാഥ് എംഎൽഎയും പ്രതികരിച്ചു .

 
                                            