തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടികള്‍ക്ക് വഞ്ചിയൂര്‍ കുടുംബ കോടതിയുടെ ഇടക്കാല സ്റ്റേ. കുഞ്ഞിനെ ഉപേക്ഷിച്ചതോ കൈമാറിയതോ എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
കേസില്‍ വിശദമായ വാദം നവംബര്‍ ഒന്നിന് കേള്‍ക്കും. കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് അനുപമ ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനുള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുന്നതിനായി മുന്നോട്ട് പോകുമെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിന്റെ സംരക്ഷണത്തിന്റെ പൂര്‍ണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് തടസ ഹര്‍ജി നല്‍കിയത്. നവംബര്‍ ഒന്നിന് കോടതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ ചൂണ്ടിക്കാട്ടി. കുഞ്ഞാണ് ഞങ്ങള്‍ക്ക് വലുത്. തുടരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ പറ്റി പ്രതികരിക്കാനില്ലെന്നും അനുപമ വ്യക്തമാക്കി.
