തിരുവനന്തപുരം: തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെ പി.സി. ജോർജിന് നോട്ടീസ്. വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ ഉള്‍പ്പെടെ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു. അതിനിടെ, ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നതനുസരിച്ച് നാളെ തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നാല്‍ അദ്ദേഹത്തിന് തൃക്കാക്കരയിലേക്ക് പോകാന്‍ കഴിയില്ല.
തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും അതിനായി ഹാജരാകണമെന്നും കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷാജി പി.സി ജോര്‍ജിന് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. അതേസമയം പിസി ജോർജ് തൃക്കാക്കരയിൽ എത്താതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നോട്ടീസ് എന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നത്.

 
                                            