പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് തുലാമാസ പൂജാ സമയത്തുള്ള തീര്‍ത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം റവന്യൂമന്ത്രി കെ. രാജനും വ്യക്തമാക്കി. നിലക്കലില്‍ എത്തിയ തീര്‍ത്ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
ഇതോടെ ശബരിമല ദര്‍ശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്ക്കലില്‍ ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് ദിവസമായി തമ്പടിക്കുന്ന ശബരിമല തീര്‍ത്ഥാടകരാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തടഞ്ഞു. തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ ഭക്തരാണ് പ്രതിഷേധവുമായി എത്തിയത്.
