ന്യൂഡല്‍ഹി:: യാത്രാചട്ട വിവാദത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് പത്ത് ദിവസം ക്വാറന്റെയ്ന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്. ഒക്ടോബര്‍ 4 മുതലാണ്
പുതുക്കിയ യാത്രാചട്ടം നടപ്പാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.
കൂടാതെ, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ത്യയില്‍ എത്തിയതിന് ശേഷം വിമാനത്താവളത്തില്‍ വെച്ചും സമാനമായ പരിശോധന നടത്തണം.
ശേഷം നിര്‍ബന്ധിത ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി വീണ്ടും എട്ട് ദിവസം കഴിഞ്ഞ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആയെങ്കില്‍ മാത്രമേ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ തുടരാനാകൂ എന്ന് വിദേശകാര്യ മന്ത്രാലയ
വൃത്തങ്ങള്‍ വ്യക്തമാക്കി.
നേരത്തെ വാക്സിന്‍ സ്വീകരിച്ച ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ബ്രിട്ടണില്‍ നിര്‍ബന്ധിത ക്വാറന്റെയ്ന്‍ ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടന്റെ ഈ തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധവും അറിയിച്ചിരുന്നു.
നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ തിരിച്ചടി നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം ബ്രിട്ടണ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും, തിരുത്താന്‍ ബ്രിട്ടണ്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.
