ശിവ ഭഗവാനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവതി ഇന്ത്യ ചൈന അതിർത്തിയിൽ. താൻ പാർവതി ദേവിയുടെ അവതാരം ആണെന്നും കൈലാസത്തിൽ എത്തി ശിവ ഭഗവാനെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി ഇന്ത്യ- ചൈന അതിർത്തിയിലെ നിരോധിത മേഖലയിൽ കഴിയുന്നത്.
ചൈന അതിർത്തിയോട് ചേർന്നുള്ള നാഭി ധാങ്ങിലാണ് ലക്നൗ സ്വദേശിയായ ഹർമീന്ദർ കൗർ വിചിത്ര ആവശ്യവുമായി എത്തിയിരിക്കുന്നത്. ആഗ്രഹം നടപ്പാക്കാതെ പിന്തിരിയില്ലെന്ന നിലപാടിലാണ് ഇവർ. പൊലീസ് യുവതിയെ ഇവിടെ നിന്ന് ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആത്‌മഹത്യാ ഭീഷണി മുഴക്കിയതോടെ പിന്തിരിയുകയായിരുന്നു.
ഉത്തർപ്രദേശിലെ അലിഗഞ്ചിൽ നിന്ന് ഗുഞ്ചിലേക്ക് പോകാൻ 15 ദിവസത്തെ അനുമതിയുമായാണ് അമ്മയ്ക്കൊപ്പം യുവതി എത്തിയത്. മേയ് 25ന് അനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും യുവതി നിരോധിത മേഖലയിൽ നിന്ന് മടങ്ങാൻ തയ്യാറായില്ല. രണ്ട് സബ് ഇൻസ്‌പെക്ടർമാരും ഒരു ഇൻസ്‌പെക്ടറുമാണ് ആദ്യം പോയി മടങ്ങി വന്നതെന്നും ഇനി ഡോക്ടറടക്കം 12 പേരടങ്ങുന്ന സംഘം പോകുമെന്നും എസ്.പി ലോകേന്ദ്ര സിംഗ് വ്യക്തമാക്കി.
