കോൺഗ്രസ് എംപി ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാൽ. താൻ മുമ്പ് പറഞ്ഞത് തെറ്റല്ല എന്ന് ഇപ്പോൾ തരൂർ പറയുന്നത് കേട്ടപ്പോൾ ബോധ്യമായില്ലേ എന്നും പത്മജ പറഞ്ഞു. തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. പക്ഷേ, അദ്ദേഹമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പത്മജ പറഞ്ഞു.കെപിസിസിയുടെ പല യോഗങ്ങളിലും ഞാൻ പോകുന്ന വേളയിൽ ശശി തരൂരിനെ കാണാറില്ല. വിളിച്ചിട്ടില്ല എന്നാണ് മറുപടി ലഭിക്കാറ്. വർക്കിങ് കമ്മിറ്റി അംഗമാണ് തരൂർ. എന്നിട്ടും ഒരു പരിപാടിക്കും തരൂരിനെ പങ്കെടുപ്പിക്കില്ല. കോൺഗ്രസുകാർ അയിത്തം പോലെ അദ്ദേഹത്തെ അകറ്റി നിർത്തുന്ന രീതിയാണുള്ളതെന്നും പത്മജ പറഞ്ഞു.ഏത് പാർട്ടി വേണം എന്ന് തീരുമാനിക്കേണ്ടത് ശശി തരൂർ ആണ്. നമ്മൾ പോയി വിളിക്കേണ്ട ആളല്ല. ഇനിയും കോൺഗ്രസിൽ തരൂർ തുടരുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അത്രമാത്രം അദ്ദേഹത്തെ അപമാനിച്ചിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. ഈ ഷർദ്ദിച്ചതെല്ലാം ഒറ്റ ദിവസം കൊണ്ട് വിഴുങ്ങാൻ പറ്റില്ലല്ലോ എന്നും പത്മജ വേണുഗോപാൽ പറഞ്ഞു.ശശി തരൂർ നല്ലോണം പറഞ്ഞു. ഇവരും തിരിച്ചുപറഞ്ഞു. ശേഷം മുകളിൽ നിന്ന് കണ്ണുരുട്ടിയപ്പോൾ എല്ലാവരും വാലും ചുരുട്ടി പിന്നോട്ട് പോയി. ഇതാണ് എനിക്ക് തോന്നിയത്. ഇതെല്ലാം സ്ഥിരമായ കാര്യമാണ്. ഇപ്പോൾ മുഖ്യമന്ത്രിമാർ എത്ര പേരാണ്. എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ടി വരും. അല്ലേൽ മറ്റുള്ളവർ പാലം വലിക്കുമെന്നും പത്മജ പരിഹസിച്ചു.എല്ലാ കോൺഗ്രസ് നേതാക്കളും പോയി ഡൽഹി കണ്ടുവരും. അല്ലാതെ ഒന്നും നടക്കില്ല. പുനഃസംഘടന എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാല് കൊല്ലമായി. ഇന്നുവരെ ഒരു ഡിസിസി സെക്രട്ടറിയെ പോലും മാറ്റിയിട്ടില്ല. കോൺഗ്രസിന് ശക്തിയുണ്ടായിരുന്ന തൃശൂർ പോലുള്ള സ്ഥലത്ത് ഒരു ഡിസിസി അധ്യക്ഷനെ വെയ്ക്കാൻ പറ്റുന്നില്ലത്രെ. ആളില്ലെന്നാണ് പറയുന്നത്. ഇത്ര ഗതികേടാണോ കോൺഗ്രസിന് എന്നും പത്മജ വേണുഗോപാൽ ചോദിച്ചു.
ബിജെപിയിലേക്ക് ക്ഷണിച്ച പത്മജയുടെ വാക്കുകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ശശി തരൂർ ചിരിക്കുക മാത്രമാണ് ചെയ്തത്. എന്താണ് നിങ്ങൾ പറയുന്നത് എന്ന് മനസിലാകുന്നില്ല. എല്ലാം ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞുകഴിഞ്ഞു. ആദ്യം ഞാൻ പറഞ്ഞ പോഡ്കാസ്റ്റ് ശ്രദ്ധയോടെ കേൾക്കൂ എന്നും ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.തിരഞ്ഞെടുപ്പ്, ശശി തരൂർ വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് നാളെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുമെന്ന പ്രചാരണം ശരിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കെ സുധാകരൻ മാറേണ്ട സാഹചര്യമില്ലെന്ന് മുരളീധരൻ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു.

 
                                            