തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്’; വിവാദ പ്രസ്താവനയുമായി എംപി എ രാജ

ചെന്നൈ: തമിഴ്നാടിന്റെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയുമായി ഡിഎംകെ എംപി എ രാജ. പ്രത്യേക തമിഴ് രാജ്യമെന്ന തന്തൈ പെരിയാറിന്റെ ആശയം ഉന്നയിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നാണ് എംപി എ രാജ, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉൾപ്പെടെ ഭാ​ഗമായ വേദിയിൽ പ്രസം​ഗിച്ചത്.

തമിഴ്‌നാടിന് സ്വയംഭരണാവകാശം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട രാജ, സ്വയംഭരണാവകാശം ലഭിക്കുന്നത് വരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും നാമക്കലില്‍ ഡിഎംകെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.’തമിഴ് നാട് ഇന്ത്യയില്‍ നിന്ന് വേറിട്ടതാകണമെന്ന ആശയം തന്തൈ പെരിയാര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാലും ഇന്ത്യയുടെ ജനാധിപത്യത്തിനും ഐക്യത്തിനും വേണ്ടിയാണ് ആ ആവശ്യം ഇതുവരെ മാറ്റി വെച്ചത്. ഈ ആവശ്യം ഉന്നയിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുതെന്ന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ആഭ്യന്തര മന്ത്രി അമിത്ഷായോടും അഭ്യര്‍ത്ഥിക്കുകയാണ്. ദയവായി ഞങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുക’, എ രാജ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഭാഗമായിരിക്കുന്നത് വരെ തമിഴ് നാട്ടുകാര്‍ക്ക് സാമ്പത്തിക വളര്‍ച്ചയോ, മികച്ച ജോലികളോ ഉണ്ടാകില്ലെന്നും, തൊഴിലവസരങ്ങളുടെ കാര്യത്തിലുള്‍പ്പടെ തന്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരാകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *