തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് മക്കള്‍ ഇയക്കം; അനുമതി നല്കി താരം

ചെന്നൈ: തമിഴ്‌നാട്ടില്‍ അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വിജയ് മക്കള്‍ ഇയക്കം’. വിജയ് ആരാധകരുടെ സംഘടനയായതിനാല്‍ പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താരത്തിന്റെ അനുമതി വേണമായിരുന്നു. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെങ്കിലും തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.

ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബര്‍ ആറ്, ഒന്‍പത് തീയതികളില്‍ നടക്കുന്നത്. അംഗങ്ങള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരത്തിനിറങ്ങുന്നത്.
ആദ്യഘട്ടത്തില്‍ 128 പേര്‍ മത്സരിക്കുമെന്നാണ് സൂചന. വിജയ് മക്കള്‍ ഇയക്കം ജില്ലാ ഭാരവാഹികളുമായി സംഘടനാ ജനറല്‍ സെക്രട്ടറി ആനന്ദ് നടത്തിയ ചര്‍ച്ചയിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.

വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് ഈ നീക്കമെന്ന് വാദങ്ങള്‍ ഉയര്‍ന്നെങ്കിലും സംഘടനാ നേതാക്കള്‍ ഇത് തള്ളി. നേരത്തേ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്യുടെ പേരില്‍ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയ് ഇതിനെ തള്ളി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *