തിരുവനന്തപുരം: പരിമിതികളെ അതിജീവിക്കാന്‍ പുതിയ പ്രതീക്ഷകളുടെ ചിറകിലേറി 100 ഭിന്നശേഷിക്കുട്ടികള്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പടികടന്നെത്തി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ കെട്ടും മട്ടുമായാണ് സെന്ററിന്റെ രണ്ടാമത്തെ ബാച്ചിലേയ്ക്ക് പുതിയ കുട്ടികളെ സ്വീകരിച്ചത്. ഭിന്നശേഷിക്കുട്ടികളുടെ ചെണ്ടമേളവും വര്‍ണാഭമായ ഘോഷയാത്രയും അകമ്പടിയായെത്തിയതോടെ പ്രവേശനോത്സവം വിസ്മയോത്സവമായി.
മന്ത്രി ഡോ.ആര്‍ ബിന്ദു ഗേറ്റ് തുറന്നതോടെ ആകാശത്തേയ്ക്ക് വെള്ള ബലൂണുകള്‍ ഉയര്‍ന്നു പൊങ്ങി. തുടര്‍ന്ന് ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും നിറവില്‍ പുതിയ കുട്ടികള്‍ കലയുടെ അപാരസാധ്യതകളുടെ ലോകത്തേയ്ക്ക് നയിക്കപ്പെട്ടു. പുതിയ കുട്ടികളുടെ മുഖങ്ങളില്‍ കണ്ട ആശങ്കകളും അമ്പരപ്പും പതിയെ ആഹ്ലാദത്തിന്റെ ആവേശത്തിലേയ്ക്ക് വഴിമാറി.
ചലച്ചിത്ര സംവിധായകനും മാജിക് അക്കാദമിയുടെ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍, കേരള സ്റ്റേറ്റ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്കുട്ടി അഗസ്റ്റി, വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജയഡാളി, പിന്നണിഗായിക മഞ്ജരി, നെസ്റ്റ് ഡയറക്ടര്‍ യൂനസ്, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് എന്നിവര്‍ കുട്ടികളെ സ്വീകരിച്ചു.

ലോകത്തിന് അഭിമാനിക്കുവാന്‍ പാകത്തിലേയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്റര്‍ മാറിയിരിക്കുകയാണെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുകയും അത് വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം കുട്ടികള്‍ക്ക് പുതിയ ജീവിതമാണ് നല്‍കുന്നത്. സമൂഹത്തില്‍ അവഗണിക്കപ്പെട്ടു കഴിയുന്ന ഈ കുട്ടികളെ മറ്റുള്ളവരെപ്പോലെ തുല്യമായി ജീവിക്കുവാന്‍ പ്രാപ്തമാക്കുന്നത് മഹത്തരമായ പ്രവര്‍ത്തനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളില്‍ നിന്ന് സ്‌ക്രീനിംഗ് നടത്തി ഏറ്റവും അനുയോജ്യരായ 100 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ഇവര്‍ക്ക് പാട്ടും നൃത്തവും ചിത്രരചനയുമൊക്കെയായി പരിമിതികളെ അതിജീവിക്കുവാനുള്ള പ്രത്യേക പരിശീലനമാണ് ഒരു വര്‍ഷം നല്‍കുക. ഇതിനായി പ്രത്യേക കരിക്കുലമാണ് ഉപയോഗിക്കുക. കൂടാതെ അഗ്രികള്‍ച്ചറല്‍ തെറാപ്പി, സ്‌പോര്‍ട്‌സ് സെന്റര്‍, വിവിധ തെറാപ്പികള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയ സേവനങ്ങളും സെന്ററില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കും.
