ഞായറാഴ്ച ലോക്ക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ തുടരുമോ?; തീരുമാനം ഇന്ന് ചോരുന്ന അവലോകന യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗം ഇന്ന് ചേരും. വാരാന്ത്യ ലോക്ഡൗണ്‍, രാത്രി കര്‍ഫ്യു എന്നിവ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ജനജീവിതം സാധാരണഗതിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് കൊണ്ട് വാരാന്ത്യ ലോക്ഡൗണ്‍ അടക്കം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായേക്കും. ആരോഗ്യ വിദഗ്ധരുടെ യോഗത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.

മൂന്നാം തരംഗം ഉള്‍പ്പെടെ മുന്നില്‍ക്കണ്ട് പ്രാദേശിക തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിക്കഴിഞ്ഞു. ഈ മാസം ഒന്നിന് നടന്ന ആരോഗ്യ വിദഗ്ധരുടെ യോഗം സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടെന്ന നിര്‍ദേശമാണ് നല്‍കിയത്. നിലവിലെ വാരാന്ത്യ ലോക്ഡൗണ്‍, രാത്രികാല യാത്രാ നിരോധനം എന്നിവ ഒഴിവാക്കാമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കി സാമ്പത്തിക വാണിജ്യ മേഖലകള്‍ കൂടുതല്‍ സജീവമാക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വിദഗ്ധരുടെ യോഗത്തിലെ മറ്റ് നിര്‍ദേശങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. സ്‌കൂളുകള്‍ തുറക്കുന്നത് പരിശോധിക്കാനുള്ള വിദ്ഗധ സമിതിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം രാജ്യത്ത് വീണ്ടും റെക്കോഡ് വാക്‌സിനേഷന്‍ രേഖപ്പെടുത്തി. ഇന്നലെ ഒരു കോടിയില്‍ അധികം പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയതു. ഇതോടെ രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 69.68 കോടിയായി. ഡിസംബറോടെ 18 വയസിന് മുകളിലുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

ഓഗസ്റ്റിലെ അവസാന ആറ് ദിവസത്തെ രോഗികളുടെ എണ്ണത്തെ അപേക്ഷിച്ച് 3000 ത്തോളം രോഗികളുടെ കുറവ് ഈ മാസത്തെ ആദ്യ ആറ് ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. വീടുകളില്‍ കഴിയുന്ന രോഗികള്‍ ഹോം ക്വാറന്റീനില്‍ വരുത്തിയ വീഴ്ച സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്നതിന് കാരണമായിരുന്നു. പ്രാദേശിക തലങ്ങളിലെ നിയന്ത്രണങ്ങളിലൂടെ എത്രയും വേഗം നിലവിലെ രോഗവ്യാപനവും പിടിച്ച് നിര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *