ജനസംഖ്യാ നിയന്ത്രണ നിയമം ഉടൻ, ശക്തമായ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണം ന‌‌ടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ഇതുമായി ബന്ധപ്പെട്ട നിയമം ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ആരും ആശങ്കപ്പെടേണ്ടതില്ല. ആ നിയമം ഉടൻ വരും. അത്തരം ശക്തമായ വലിയ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും ഉടൻ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിനെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. പല കേന്ദ്ര പദ്ധതികളും സംസ്ഥാന സർക്കാർ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴി‌ഞ്ഞ ഏപ്രിലിൽ, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ കൊണ്ടുവന്നിരുന്നു. എന്നാൽ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറ‌ഞ്ഞത്. നിർബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവൽക്കരണത്തിലൂടെ ആയിരിക്കും നടപടി സ്വീകരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *