ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വർദ്ധിക്കുന്നതായി സർവേ ഫലം. ലോക്കൽ സർക്കിൾ നടത്തിയ സർവേയിൽ പങ്കെടുത്ത അഭിപ്രായം പങ്കുവച്ച 64,000 പേരിൽ 67 ശതമാനവും രണ്ടാം ടേമിൽ മോദി സർക്കാർ പ്രതീക്ഷകൾ നിറവേറ്റി എന്നാണ് അഭിപ്രയപ്പെട്ടത്.
കൊവിഡ് തുടങ്ങിയതിന് ശേഷം നടത്തിയ സർവേകളിൽ ഏറ്റവും കൂടുതൽ പേർ മോദിക്ക് അനുകൂലമായി നിലപാട് എടുത്തു എന്ന പ്രത്യേകതയും ഉണ്ട്. ഇന്നലെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ എട്ടുവർഷം പൂർത്തീകരിച്ചത്. 2014 മേയ് 26 നാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും കൂടുതൽ തിളക്കത്തോടെ അധികാരം തുടരുകയായിരുന്നു. തൊഴിലവസരങ്ങളുടെ വിഷയത്തിൽ 37 ശതമാനം പേർ മാത്രമാണ് മോദി സർക്കാരിനെ അംഗീകരിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 27 ശതമാനം മാത്രമായിരുന്നു. 2020 ൽ തൊഴിലവസരങ്ങളുടെ വിഷയത്തിൽ 29 ശതമാനമാണ് മോദി സർക്കാരിന് ഫുൾ മാർക്ക് നൽകിയത്.
