ഗുജറാത്ത്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്‌റത്തിന് കൈമാറി. അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. തന്നെ ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചതിന് ബിജെപിയ്ക്ക് നന്ദി പറയുന്നുവെന്നും അഞ്ച് വര്‍ഷത്തിനു ശേഷമുള്ള ഈ മാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നും രാജി സമര്‍പ്പിച്ചതിനു ശേഷം രൂപാനി മാധ്യമങ്ങളോടു പറഞ്ഞു.
2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് വിജയ് രൂപാണി 2017ല്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിജയ് രുപാണി സര്‍ക്കാര്‍ ഗുജറാത്തില്‍ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിജയ് രുപാണിയുടെ രാജിയോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതിന്‍ പട്ടേല്‍, പാര്‍ത്ഥിപ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഗണനാ പട്ടികയിലുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

 
                                            