തിരുവനന്തപുരം: കേരളത്തിന് കെ കരുണാകരന്‍ എന്ന ഒറ്റ ലീഡര്‍ മാത്രമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കരയിലെ കോണ്‍ഗ്രസിന്റെ ചരിത്ര വിജയം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അവകാശപ്പെട്ടതാണെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ഡിസിസി വി ഡി സതീശന് വിമാനത്താവളത്തില്‍ വലിയ സ്വീകരണം ഒരുക്കിയിരുന്നു.
ഞാന്‍ ലീഡര്‍ അല്ല. കേരളത്തില്‍ ഒരേ ഒരു ലീഡര്‍ മാത്രമേയുള്ളു. അത് കെ കരുണാകരന്‍ ആണ്. അദ്ദേഹത്തിന് പകരം വെക്കാനുള്ളയാളല്ല ഞാന്‍. പ്രവര്‍ത്തകര്‍ അവരുടെ ആവേശം കൊണ്ട് ചെയ്യുന്നവരാണ്. ക്യാപ്റ്റന്‍, ലീഡര്‍ വിളി കെണിയിലൊന്നും ഞാന്‍ വീഴില്ല. കൂട്ടായ നേതൃത്വമാണ് കോണ്‍ഗ്രസിന്റേത്. എന്റെ ബോര്‍ഡ് മാത്രം വെച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ എന്റെ സഹപ്രവര്‍ത്തകരോട് ഞാന്‍ പറയും. ബോര്‍ഡ് വെക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ എല്ലാ മുതിര്‍ന്ന നേതാക്കളും ഉണ്ടാവണം. എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് തൃക്കാക്കരയിലെ വിജയം. നിങ്ങള്‍ക്ക് അവിശ്വസനീയമായ കഠിനാധ്വാനമാണ് നടത്തിയത്. ഞാനെന്നുള്ള വ്യക്തിയിലേക്ക് ഒതുക്കാന്‍ പാടില്ല. എല്ലാവരേയും ഏകോപിപ്പിക്കുകയെന്ന ചുമതല മാത്രമാണ് ഞാന്‍ നിര്‍വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
