ലഖ്നൗ: പ്രമുഖ കോൺഗ്രസ് നേതാവ് കപിൽ സിബൽ സമാജ്വാദ് പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിബൽ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് മെയ് 16ന് താൻ രാജി വച്ചതായി സിബൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൽ സംഘടനാ മാറ്റം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളിൽ പ്രമുഖനാണ് കപിൽ സിബൽ. രാജസ്ഥാനിലെ ഉദയ്പൂരിൽ ഈയിടെ നടന്ന ചിന്തൻ ശിവിറിൽ സിബൽ പങ്കെടുത്തിരുന്നില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ പാർട്ടിയിൽ സമൂല അഴിച്ചു പണി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
