കൂടുതൽ അധികാരം നൽകി ജില്ലാ കോൺഗ്രസ് കമ്മിറ്റികളെ (ഡിസിസി) ശാക്തീകരിക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ഡിസിസി പുനഃസംഘടന ഫലപ്രദമായി നടത്തിയിട്ടില്ല. ഹരിയാനയിൽ ഒരു പതിറ്റാണ്ടിലേറെയായി ഡിസിസികളില്ല. കഴിഞ്ഞ 3 വർഷത്തിനിടെ ഡിസിസി പുനഃസംഘടന പൂർണമായി നടന്നത് 10 സംസ്ഥാനങ്ങളിൽ മാത്രമാണ്. ഇതിൽ ഗുജറാത്തിലും മേഘാലയയിലും പുനഃസംഘടന കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെ ചുമതലയേറ്റെടുക്കും മുൻപായിരുന്നു. ഫലത്തിൽ, ഖർഗെ പ്രസിഡന്റായ ശേഷം 8 സംസ്ഥാനങ്ങളിൽ മാത്രമേ പൂർണതോതിൽ ഡിസിസി പുനഃസംഘടന നടന്നിട്ടുള്ളൂ. അതിനിടെ, തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ഡിസിസികളെ പൂർണമായും പിരിച്ചുവിടുകയും ചെയ്തു. ഉത്തർപ്രദേശിൽ കഴിഞ്ഞദിവസമാണു ഡിസിസി പുനഃസംഘടന നടത്തിയത്.2022 ഒക്ടോബറിലാണു ഖർഗെ അധ്യക്ഷപദവിയേറ്റെടുത്തത്. തൊട്ടടുത്ത 2 മാസങ്ങളിലായി പഞ്ചാബ്, ജാർഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിൽ ഡിസിസികൾ പൂർണമായി ഉടച്ചുവാർത്തെങ്കിലും ഈ വേഗം പിന്നീടുണ്ടായില്ല. 2023ൽ ഫെബ്രുവരിയിൽ റായ്പുരിൽ നടന്ന എഐസിസി പ്ലീനറി സമ്മേളനത്തിലും സംഘടനാപരിഷ്കാരം ഗൗരവത്തോടെ ചർച്ച ചെയ്തെങ്കിലും ഡിസിസികളിലെ മാറ്റം തിരഞ്ഞെടുപ്പ് അടുത്ത ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങി. ഇതിനിടെ, എഐസിസിയിലും വിവിധ സംസ്ഥാനഘടകങ്ങളിലും നേരിയ മാറ്റം വന്നെങ്കിലും ഡിസിസികളിലെ സ്ഥിതി താഴെത്തട്ടിൽ പാർട്ടിയെ പ്രതികൂലമായി ബാധിച്ചു.
കേരളത്തിൽ പുനഃസംഘടന നടന്നിട്ട് മൂന്നരവർഷം പിന്നിടുന്നു. കേരളത്തിൽ ഒടുവിൽ ഡിസിസി പുനഃസംഘടന നടന്നത് 2021 ഓഗസ്റ്റ് 28ന് ആണ്. തൃശൂർ ഡിസിസി അധ്യക്ഷൻ രാജിവച്ച ഒഴിവിലേക്കു കഴിഞ്ഞ ഫെബ്രുവരി 8ന് പകരം നിയമനം നടത്തിയിരുന്നു. മറ്റു ഡിസിസി അധ്യക്ഷർ പദവിയിൽ മൂന്നര വർഷം പിന്നിട്ടു. സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്കും ഒഴിവുള്ള വൈസ് പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുമാണ് പുനഃസംഘടന നടക്കേണ്ടത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുൻഷി മുതിർന്ന നേതാക്കളുമായി പ്രാഥമിക ചർച്ചകൾ തുടങ്ങി. ഭാരവാഹികളുടെ എണ്ണം കുറയ്ക്കുമെന്ന് നേതാക്കൾ ആവർത്തിക്കുന്നുണ്ട്. പ്രസിഡന്റിനുപുറമെ വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരടക്കം അറുപതോളം ഭാരവാഹികളുണ്ട്. പുനഃസംഘടനയിൽ 25 സെക്രട്ടറിമാരെയും 25 ജനറൽ സെക്രട്ടറിമാരെയും നിയമിക്കുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.
കെപിസിസി ട്രഷററായിരുന്ന പ്രതാപചന്ദ്രൻ മരിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പകരം ആളെ നിയമിച്ചിട്ടില്ല. കെ സുധാകരനുമായി അടുത്ത് നിൽക്കുന്ന ഒരാളെയാകും പരിഗണിക്കുക. പി ടി തോമസ് അന്തരിച്ചതോടെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തും ഒഴിവുണ്ടായി. കൊടിക്കുന്നിൽ സുരേഷും ടി സിദ്ദിഖും ടി എൻ പ്രതാപനുമാണ് നിലവിൽ വർക്കിങ് പ്രസിഡന്റുമാർ. കൊടിക്കുന്നിൽ സുരേഷിനെ ഇക്കുറി മാറ്റിയേക്കും. എംഎൽഎമാർ ഭാരവാഹികളാകേണ്ടെന്ന് തീരുമാനിച്ചാൽ സിദ്ദിഖിന്റെ സ്ഥാനവും പോകും. ഡീൻ കുര്യാക്കോസ്, റോജി എം ജോൺ, പി കെ ജയലക്ഷ്മി, രമ്യ ഹരിദാസ് തുടങ്ങിയവർക്ക് നറുക്ക് വീണേക്കും. കെ സി വേണുഗോപാലും വി ഡി സതീശനുമായി ചേർന്നുനിൽക്കുന്നവരെ ഉൾപ്പെടുത്തി പുനഃസംഘടനയുമായി നീങ്ങാനുള്ള നീക്കത്തിൽ മുതിർന്ന നേതാക്കളടക്കം അസ്വസ്ഥരാണ്. പുനഃസംഘടന നടന്നാൽ, പല ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാർക്ക് സ്ഥാനം നഷ്ടമാകും. തിരുവനന്തപുരത്ത് പാലോട് രവി, കൊല്ലത്ത് പി രാജേന്ദ്രപ്രസാദ്, പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിൽ, കോട്ടയത്ത് നാട്ടകം സുരേഷ്, വയനാട്ടിൽ എൻ ഡി അപ്പച്ചൻ, കാസർകോട് പി കെ ഫൈസൽ, ഇടുക്കിയിൽ സി പി മാത്യു, ആലപ്പുഴയിൽ ബാബു പ്രസാദ് എന്നിവർക്ക് സ്ഥാനനഷ്ടമുണ്ടായേക്കും.
ഡിസിസികളുടെ പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരാനും അവയെ പഴയ പ്രതാപത്തിലേക്കെത്തിക്കാനും എഐസിസി ജനറൽ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച്, നേരത്തേ തയാറാക്കിയ സർവേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും ജില്ലാ പ്രസിഡന്റുമാരെ മാറ്റുന്നതിൽ തീരുമാനമുണ്ടാവുക.തെക്കൻ ജില്ലകളിൽ ഡിസിസി തലപ്പത്ത് പൂർണമായി മാറ്റമുണ്ടായേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയെങ്കിലും ബൂത്തുതല പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലായിരുന്നുവെന്നാണ് സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്. സർക്കാർവിരുദ്ധ വികാരമുണ്ടായിരുന്ന വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്. പ്രായം, പ്രവർത്തനമികവ്, സാമുദായിക സമവാക്യം എന്നിവ പരിഗണിക്കാതെയാണ് കഴിഞ്ഞതവണ ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന വിമർശനമുണ്ട്. ഇതെല്ലാം പരിഗണിച്ചാകും അഴിച്ചുപണി. പരമാവധി യുവാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കണമെന്ന താൽപര്യമാണ് ദേശീയ നേതൃത്വത്തിനുള്ളത്.
ഡിസിസി പ്രസിഡന്റുമാർ മൂന്നു വർഷം തികച്ച സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി മാറ്റം വേണമെന്ന നിർദേശം എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾക്ക് ഊർജം നൽകാൻ പുതിയ നേതൃത്വം വരട്ടെയെന്നാണ് എഐസിസി നിലപാട്.
സുനിൽ കനഗോലുവിന്റെ റിപ്പോർട്ടിനു പുറമെ, ഏതെല്ലാം ഡിസിസി പ്രസിഡന്റുമാരെയാണ് മാറ്റേണ്ടതെന്ന റിപ്പോർട്ട് എഐസിസി സെക്രട്ടറിമാർ സമർപ്പിച്ചിട്ടുണ്ട്. ജില്ലാതല പര്യടനം നടത്തി, ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തനവും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള മിഷൻ 2025ന്റെ ഭാഗമായ പ്രവർത്തനവും വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. 1960കളിലും 70കളിലും ഡിസിസികൾക്കുണ്ടായിരുന്ന മികവ് ക്ഷയിച്ചതു പാർട്ടിക്കു ക്ഷീണമായെന്നാണ് എഐസിസി യോഗത്തിലുണ്ടായ വിലയിരുത്തൽ. ഡിസിസികൾക്കു തീരുമാനമെടുക്കാവുന്ന തരത്തിൽ കൂടുതൽ അധികാരം നൽകണമെന്നതുൾപ്പെടെ അഭിപ്രായം ഉയർന്നു. സ്ഥാനാർഥി നിർണയഘട്ടത്തിൽ ഡിസിസികൾ ഒരു പേര് മാത്രം ഹൈക്കമാൻഡിനു നൽകുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റികൾക്കു കൂടുതൽ അധികാരവും ചുമതലയും നൽകണമെന്ന നിർദേശത്തെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പിന്തുണച്ചു. ഇതുൾപ്പെടെ പാർട്ടിയുടെ അടിസ്ഥാന ഘടന ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടന്നു. സമാന ചർച്ച സംസ്ഥാന തലത്തിലും നടത്താനാണ് എഐസിസി തീരുമാനം.
2024 പുനഃസംഘടനാ വർഷമായിരിക്കുമെന്ന് നേരത്തേ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ബിഹാറിലല്ലാതെ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പുകളൊന്നും നടക്കുന്നില്ല. ഇതു മുൻകൂട്ടി കണ്ടാണ് സംഘടനയെ അടിമുടി അഴിച്ചുപണിയാൻ തീരുമാനമെടുത്തത്.

 
                                            