തിരുവനന്തപുരം: കോവിഡ് മരണ റിപ്പോര്‍ട്ട് വിവാദമായതോടെ വിട്ടുപോയ മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. ജൂണ്‍ 30 മുതലുള്ള പട്ടികയില്‍ പത്തുദിവസം മുമ്പുള്ള 93 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഡിക്കല്‍രേഖകള്‍ പൂര്‍ണമായി ലഭ്യമല്ലാത്തതിനാലും സ്ഥിരീകരണത്തിന് കൂടുതല്‍ പരിശോധനകള്‍ വേണ്ടിവന്നതിനാലും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മാറ്റിവെച്ച മരണങ്ങളാണിവയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ജൂണ്‍ 30-ന്റെ പട്ടികയില്‍ കോഴിക്കോട്ടുളള 63-കാരി മരിച്ചതിന്റെ തീയതി തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലില്‍ മരിച്ച രണ്ടുപേരുണ്ട് ഈ പട്ടികയില്‍. എറണാകുളം ജില്ലയിലെ ഒരുപുരുഷന്റെ മരണം 75-ാം ദിവസമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഏപ്രില്‍ 19-നു മരിച്ച 64 വയസ്സുള്ള വ്യക്തിയുടെ മരണം ജൂലായ് രണ്ടിന്റെ പട്ടികയിലാണു ചേര്‍ത്തത്.
