തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ ദുരിതത്തില്‍ നിന്നും കരകയറുന്നതിനു മുന്‍പേ ഡെങ്കിപ്പനിയും സിക്കയുമെല്ലാം ജനങ്ങള്‍ക്ക് ഭീതി പടര്‍ത്തുകയാണ്. കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരോഗ്യവകുപ്പും, ഉദ്യോഗസ്ഥരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കുന്നു. സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് എട്ടുപേരെന്നും അതില്‍ ഇവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. സിക്കയ്ക്ക് പുറമെ കേരളത്തില്‍ ഡെങ്കിപ്പനി വ്യാപന സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്നു.
സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടേയും യോഗം വിളിച്ചത്.തിരുവനന്തപുരത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും എല്ലാ ജില്ലകളും ജാഗ്രത പാലിക്കേണ്ടതാണ്. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ഇതിനുള്ള മരുന്നുകള്‍ ആശുപത്രികള്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്എന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.
സിക്ക വൈറസും ഡെങ്കിപ്പനിയും ഈഡിസ് കൊതുകുകളാണ് പരത്തുന്നതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനില്ക്കുന്നു. അതിനാല്‍ ഇപ്പോഴേ ഫലപ്രദമായി പ്രതിരോധിക്കേണ്ടതാണ്. രോഗവ്യാപന സാധ്യതയുള്ള ഹോട്ട് സ്പോട്ടുകളുടെ വിവരം ഡിഎംഒമാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതാണ്. അതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നല്‍കുന്നതാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.മൈക്രോ പ്ലാന്‍ തയ്യാറാക്കിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്.തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്. രാജു, ഡി.എം.ഒ.മാര്‍, ഇരു വകുപ്പിലേയും ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
