തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ തുടരുന്നു. നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് എത്തിയതോടെ കെപിസിസിക്ക് ശക്തമായ അച്ചടക്ക നടപടികളും സ്വീകരിക്കേണ്ടി വന്നു. പിഎസ് പ്രശാന്ത്, കെപി അനില്‍കുമാര്‍, ശിവദാസന്‍ നായര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
പിഎസ് പ്രശാന്ത് പിന്നീട് സിപിഎമ്മില്‍ ചേരുകയും ചെയ്തു. ശിവദാസന്‍ നായര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ച് അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടികള്‍ മരവിപ്പിക്കാനുള്ള നീക്കത്തിലാണ് കെപിസിസി നേതൃത്വം. അതേസമയം കെപി അനില്‍കുമാറിനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് വിട്ടേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതൃത്വത്തിന് നേര്‍ക്ക് വലിയ വിമര്‍ശനമായിരുന്നു കെപി അനില്‍കുമാര്‍ നടത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള കെ സുധാകരന്റെ ഉത്തരവും എത്തി.
ഒരു ഗ്രൂപ്പിന്റെയും വക്താവ് അല്ലാത്തതിനാല്‍ കെപി അനില്‍കുമാറിനെതിരായ നടപടി നേതൃത്വത്തിന് കുറച്ച് കൂടി എളുപ്പമാണ്. ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പടേയുള്ള ശക്തമായ നടപടിക്കാണ് കെപിസിസി ഒരുങ്ങുന്നത്.
