മലപ്പുറം മലപ്പുറം ഗവൺമെന്റ് കോളേജിലെ മോഷണക്കേസിൽ എസ് എഫ് ഐ, കെ എസ് യു നേതാക്കളടക്കം ഏഴ് വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്സണ്, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം കോളേജ് അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണം പോയത് 11 ഇൻവർട്ടർ ബാറ്ററികളും പ്രൊജക്ടറുമാണെന്ന് കണ്ടെത്തുകയായിരുന്നു. ബാറ്ററികളെല്ലാം നേതാക്കളുൾപ്പെട്ട സംയുക്ത സംഘം ആക്രിക്കടയിൽ വിറ്റ് കാശാക്കി.ഒരു പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന ആറ് പേരുമാണ് കേസിൽ പ്രതികൾ. ആക്രിക്കടയിൽ ഇവ വിറ്റ് കിട്ടിയ പണം മുഴുവൻ അന്ന് തന്നെ ഇവർ ചെലവഴിച്ചു. പ്രൊജക്ടർ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടില്ല.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് പുറമെ മൂന്ന് എസ്എഫ്ഐ പ്രവർത്തകരും മോഷണക്കേസിൽ പിടിയിലായിട്ടുണ്ട്. ഇവരെയെല്ലാം പുറത്താക്കിയെന്ന് മലപ്പുറം എസ്എഫ്ഐ ഏരിയാ കമ്മിറ്റി അറിയിച്ചു. എന്നാൽ കെഎസ്യു യൂണിറ്റ് പ്രസിഡന്റിനെതിരെ കെഎസ്യു നേതൃത്വം ഇതുവരെ നടപടിയെടുത്തതായി അറിയിച്ചിട്ടില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കും
