തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളല്ലെന്ന് പോലീസ്. സാക്ഷിപ്പട്ടികയിലും ഇവരുടെ പേരില്ല. കേസില്‍ ജൂലൈ 24 ന് ഇരിഞ്ഞാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.കൊടകര കേസ് കവര്‍ച്ചാ കേസ് മാത്രമായിട്ടാണ് പോലീസ് കാണുന്നത്. അത്തരത്തില്‍ കേസിന് ഊന്നല്‍ നല്‍കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കേസില്‍ 22 പ്രതികളാണ് ആകെയുള്ളത്. അതേസമയം കുറ്റപത്രത്തില്‍ ബിജെപി നേതാക്കളുടെ മൊഴികള്‍ ഉള്‍പ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരില്‍ ഒരാള്‍ പോലും പ്രതിയാകില്ല എന്നാണ് റിപ്പോര്‍ട്ട്. പണത്തിന്റെ ഉറവിടത്തില്‍ ബിജെപിക്കാര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇത് ഇഡിയുടെ അന്വേഷണ പരിധിയിലാണെന്ന് പോലീസ് പറയുന്നു.
കേസ് ഇഡിക്ക് കൈമാറണമെന്ന് നിര്‍ദേശിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. പ്രതികള്‍ നഷ്ടമായ മൂന്നര കോടിയില്‍ രണ്ട് കോടിയും ധൂര്‍ത്തടിച്ചെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ജൂലായ് പതിനാലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത് അദ്ദേഹത്തെ വിട്ടയിച്ചിരുന്നു. കവര്‍ച്ചാകേസില്‍ പരാതി നല്‍കിയ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ ഫോണ്‍ സംസാരത്തെ കുറിച്ചായിരുന്നു ചോദ്യം.
ബിജെപി നേതാക്കളില്‍ നിന്നോ അന്വേഷണത്തിലോ തിരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാവുന്ന കാര്യങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കവര്‍ച്ചാക്കേസ് മാത്രമായി കാണാന്‍ പോലീസ് തീരുമാനിച്ചത്. കവര്‍ച്ചാ പണം കണ്ടെത്തുക ദുഷ്‌കരമാണെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നായിരുന്നു പോലീസ് പറഞ്ഞത്. അതാണ് ഇപ്പോള്‍ അന്വേഷണ സംഘം തിരുത്തുന്നത്.
