രാജ്യത്തെ ഏറ്റവും വലിയ ലഹരി മാഫിയാ കേന്ദ്രമായി കേരളം മാറുന്നതിനിടെ മാഫിയാ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങൾകൂടി പുറത്ത് വന്നിരിക്കുകയാണ്..
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകളുടെ കാരിയർമാരായി പ്രവർത്തിക്കുന്ന യുവാക്കളിൽ ബഹുഭൂരിപക്ഷവും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ലഹരി വ്യാപനത്തിലും ഉപയോഗത്തിലും പിടിക്കപ്പെടാതിരിക്കാൻ ഇവർ ശക്തമായ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മാറുന്നത് പതിവായിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇവർ രാഷ്ട്രീയത്തിലെത്തി യുവജനസംഘടനകളിൽ ഉൾപ്പെടെ സജീവ സാന്നിധ്യവും ഭാരവാഹികളുമായി മാറും. ഇതോടെ ഇവർക്കെതിരെ ഉയരുന്ന പരാതികൾക്ക് രാഷ്ട്രീയ നിറം കൈവരും.
പരാതികൾ എതിർ പാർട്ടിക്കാർ സൃഷ്ടിക്കുന്നതാണെന്നാണ് ഇവരുടെ പ്രചരണം. പെട്ടെന്ന് ആരും അങ്ങനെ ചിന്തിക്കുകയുമില്ല. കാരണം നാട്ടിൽ കിറ്റ് വിതരണത്തിലും ബക്കറ്റ് പിരിവിലും ആശുപത്രി ശുചീകരണത്തിലുമൊക്കെ ഇവർ സജീവ സാന്നിധ്യമാകും. ഭരിക്കുന്ന പാർട്ടികളിലാണ് ഇവർ കൂടുതൽ ലക്ഷ്യം വയ്ക്കുന്നത്. ഇനി ഇവർക്കെതിരെ പരാതി ഉണ്ടായാലും സംരക്ഷിക്കാൻ നേതൃത്വവും നേതാക്കളും തയ്യാറാണ്. പാർട്ടിക്കുവേണ്ടിയുള്ള ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനങ്ങൾക്കായി ഇവരെ ഉപയോഗപ്പെടുത്തുന്നതിലൂടെ ഇവരെ പെട്ടെന്ന് കൈയ്യൊഴിയാനും നേതാക്കൾക്ക് കഴിയില്ല. അതിനാലാണ് രാഷ്ട്രീയ പാർട്ടികളിലേയ്ക്ക് ലഹരി മാഫിയ നുഴഞ്ഞുകയറുന്നത്.
ലഹരിമാഫിയകളുടെ ഭാഗമായ ഒരേടീമിൽ തന്നെയുള്ള ചെറുപ്പക്കാർ രണ്ടും മൂന്നും പാർട്ടികളിലായി ചിതറി പ്രവർത്തിക്കുന്നതും പതിവാണ്. കുറെപേർ സിപിഎം, കുറേപേർ കോൺഗ്രസ്, കുറേപേർ ബിജെപി എന്ന നിലയിലാണ് പ്രവർത്തനം. ഇതോടെ എല്ലാ പാർട്ടികളുടെയും പരിഗണന ഇവർക്ക് കിട്ടും. മറ്റ് പാർട്ടികൾ ഇവരെ എതിർക്കുന്നത് ആ പാർട്ടിയിൽ ചേർന്നവർ തടയും.
ലഹരി വ്യാപനത്തിനെതിരെ പരാതി കൊടുക്കുന്നവരെ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ഉപദ്രവിക്കുന്നതും ഇവരുടെ പതിവാണ്. പരാതി കൊടുക്കുന്നവരുടെ വീട് പണി നടക്കുന്നിടത്തേയ്ക്ക് വരുന്ന വാഹനങ്ങൾ തടയുക, അവരുടെ ഭാഗത്ത് റോഡ് പുനരുദ്ധാരണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്നിങ്ങനെയുള്ള പ്രതികാര നടപടികളിലൂടെ എതിർക്കുന്നവരെ ഒതുക്കുന്നതും പതിവുതന്നെ.
നാട്ടിൻപുറങ്ങളിലെ പഞ്ചായത്ത് റോഡുകളും റബർതോട്ടങ്ങളുമൊക്കെയാണ് ഇവരുടെ താവളം. ലഹരി തലയ്ക്കു പിടിച്ചാൽ റോഡിൽ വാഹനം നിർത്തിയിട്ട് നാട്ടുകാരുടെ വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുക ഇവരുടെ വിനോദമാണ്. ഇത് ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തും.വിവിധ രാഷ്ട്രീയ പാർട്ടികളിൽ നുഴഞ്ഞുകയറിയിരിക്കുന്ന ലഹരിസംഘാംഗങ്ങളെ കണ്ടെത്തി ഇവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരും, ഇത്തരക്കാരെ പാർട്ടികളിൽ നിന്നൊഴിവാക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളും തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
