2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി വരുന്നു.. പുതിയ പാർട്ടി ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുമെന്ന് വിവരങ്ങളും പുറത്തുവരുന്നു..
കാസയാണ് രാഷ്ട്രീയ പാർട്ടിയായി മാറുന്നത്.. കേരളത്തിൽ അടവുനയം പാളിയ ബി.ജെ.പിയുടെ ബി ടീമാകുമോ കാസയുടെ രാഷ്ട്രീയ പാർട്ടി എന്നതാണ് ഇപ്പോൾ ഉയർന്നു നിൽക്കുന്ന ചോദ്യം . പലപ്പോഴും ഇസ്ലാമോഫോബിക് എന്ന് വിളിക്കപ്പെടുന്ന കാസ, പൗരത്വ ഭേദഗതി നിയമം, ‘ലവ് ജിഹാദ്’, മുത്തലാഖ് എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ബി.ജെ.പി അനുകൂല നിലപാടുകളെയാണു കാസ പിന്തുണയ്ക്കുന്നത്.
കേരളത്തിലെ ക്രൈസ്തവരാകട്ടേ ബി.ജെ.പിയോട് അടുക്കുന്ന സമീപനം സ്വീകരിച്ചിരുന്നു. എന്നാൽ, വടക്കേ ഇന്ത്യയിൽ ക്രൈസ്തവർക്കു നേരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അക്രമങ്ങൾ, മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങൾ എല്ലാം ക്രൈസ്തവരെ ബി.ജെ.പിയോട് അടുക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചിരുന്നു.
മതപരിവർത്തന നിരോധന നിയമം ക്രൈസ്തവ വേട്ടയ്ക്കുള്ള ആയുധമെന്നു കേരള കത്തോലിക്ക മെത്രാൻ സമിതി വിമർശിച്ചു രംഗത്തുവന്നിരുന്നു. മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളിൽ വ്യാപക ക്രൈസ്തവ വേട്ടയാണു നടക്കുന്നതെന്നായിരുന്നു കെ.സി.ബി.സി ആശങ്ക രേഖപ്പെടുത്തിയത്.
എന്നാൽ, കേരളത്തിൽ ക്രൈസ്തവരിലേക്ക് കടന്നുചെല്ലാനുള്ള ശ്രമം വിജയിച്ചുതുടങ്ങിയതായാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ. സഭാനേതൃത്വവുമായി സൗഹൃദത്തിന്റെ പാലം പണിയാൻ പ്രധാനമന്ത്രി മോഡി തന്നെ മുൻകൈയെടുത്തതോടെയാണു മാറ്റം പ്രകടമായത്. ക്രൈസ്തവവിഭാഗങ്ങൾക്കുണ്ടായിരുന്ന അകൽച്ച കുറഞ്ഞുവരുന്നതു പ്രയോജനപ്പെടുത്തിയാൽ സംസ്ഥാനഭരണത്തിൽ ‘കിങ് മേക്കറാ’വാൻ പാർട്ടിക്ക് വൈകാതെ കഴിയുമെന്നാണു ബി.ജെ.പി നേതാക്കളുടെ വിശ്വാസം.
എന്നാൽ, ബി.ജെ.പി. സ്വകീരിച്ച ക്രൈസ്തവ വിരുദ്ധ നിലപാടുകൾ കൈസ്തവരെ ബി.ജെ.പിയിൽ നിന്നും കൂടുതൽ അകറ്റി. കഴിഞ്ഞ ക്രിസ്മസ് കാലത്തു പാലാക്കാട്ട് സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ ഉൾപ്പടെ സംഘപരിവാർ സംഘടനകൾ എത്തിയതും ബി.ജെ.പിക്കു തിരിച്ചടിയായിരുന്നു.
ഇതിനിടെയാണു ബി.ജെ.പി അനുഭാവം പുലർത്തുന്ന ക്രൈസ്തവ സംഘടനയായാ കാസാ രാഷ്ട്രീയ പാർട്ടിയുമായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കാസയ്ക്കൊപ്പം ചേർന്നു ക്രൈസ്തവരെ കൂട്ടുപിടിക്കാമെന്ന കണക്കുകൂട്ടലാണു ബി.ജെ.പിക്കുള്ളത്.
കാലങ്ങളായി ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളോട് അടുപ്പിക്കാൻ ബി.ജെ.പിയും സംഘപരിവാറും വിവിധ കാമ്പെയിനുകൾ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണു പുതുതായി ഉയർന്നു വന്ന കാസയ്ക്ക് അവർ നിലവിൽ രാഷ്ട്രീയ പിന്തുണ നൽകുന്നുവെന്ന സൂചനകൾ പുറത്തു വരുന്നത്. ഒരു വലതുപക്ഷ ദേശീയ പാർട്ടിയെ വളർത്താനാണു ശ്രമമെന്നും അത്തരമൊരു രാഷ്ട്രീയ ശക്തിയുടെ സ്വീകാര്യത കണ്ടെത്താൻ പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും, അങ്ങനെയൊരു പാർട്ടിക്ക് കേരളത്തിൽ ഇടമുണ്ടെന്നു കാസ സംസ്ഥാന പ്രസിഡന്റും കൂടിയായ കെവിൻ പീറ്റർ വ്യക്തമാക്കിയത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ, സ്വതന്ത്രരായി തെരഞ്ഞെടുപ്പിൽ പോരാടാൻ താൽപ്പര്യമുള്ളവരെ അല്ലെങ്കിൽ ദേശീയതയ്ക്കുവേണ്ടി നിലകൊള്ളുന്ന പാർട്ടികളുടെ സ്ഥാനാർഥികളെ കാസ പിന്തുണയ്ക്കാനും നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണു കാസ ശ്രമിക്കുന്നത്. തങ്ങളുടെ പ്രത്യയശാസ്ത്രവുമായി യോജിച്ച് നിൽക്കുന്ന സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുകയോ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്നവരെ പരാജയപ്പെടുത്തുകയോ ചെയ്യുക എന്നതാണ് കാസയുടെ ലക്ഷ്യമെന്നും ഭാരവാഹികൾ വ്യക്തമാക്കിയത്. രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കൃത്യമായ പദ്ധതി ആവിഷ്കരിക്കുമെന്നും കാസ നേതൃത്വം വ്യക്തമാക്കുന്നുണ്ട്.
