കര്‍ണാടക : കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. അതിര്‍ത്തിയിലെ പരിശോധനയും കര്‍ശനമാക്കി. വിമാനം, ബസ്, ട്രെയിന്‍, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പ്രവേശിക്കുന്ന എല്ലാവരേയും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ട്രെയിനിലും ബസിലും യാത്ര ചെയ്യുന്നവര്‍ക്കും നിയമം ബാധകമാണ്.
വിദ്യാഭ്യാസം, ബിസിനസ്, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി കര്‍ണാടക സന്ദര്‍ശിക്കുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വെക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ണാടക പകര്‍ച്ചവ്യാധി രോഗ നിയമം 2020, ദുരന്ത നിവാരണ നിയമം 2005, ഐപിസിയുടെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
