കണ്ണൂർ: സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിശദീകരണവുമായി മുഖ്യമന്ത്രി. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വ്യാജ പ്രചരണങ്ങൾ നടക്കുകയാണ്. കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ല. ഇഷ്ടമുള്ള വേഷം, ഇഷ്ട നിറത്തില്‍ ധരിക്കാം. വഴി തടയുന്നു എന്ന് ഒരുകൂട്ടര്‍ വ്യാജപ്രചാരണം നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വഴി നടക്കാനുള്ള അവകാശം എല്ലാ അര്‍ത്ഥത്തിലും നേടിയെടുത്തതാണ് നമ്മുടെ നാട്. ഇവിടെ വഴി തടയുന്നുവെന്ന് ഒരു കൂട്ടര്‍ കൊടുമ്പിരികൊണ്ട പ്രചരണം നടത്തുകയാണ്. ഈ നാട്ടില്‍ വഴി നടക്കാനുള്ള സാഹചര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരുകാരണവശാലുമുണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ചില ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ, പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കുന്നതല്ല. . മാസ്കും വസ്ത്രവും കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തിലേതൊരാൾക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാൻ അവകാശമുണ്ട്.എത്ര മാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികൾ നിക്ഷിപ്തതാത്പര്യത്തോടെയാണ് ചില കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 
                                            