കേരളത്തിന് അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നുണ്ട് : വി മുരളീധരൻ

കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ പറഞ്ഞു. ‘ഗ്രാമോത്സവം ‘ – സംയോജിത ബോധവല്‍ക്കരണ പരിപാടി തിരുവനന്തപുരം ആറ്റിങ്ങലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ധനകാര്യ കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശയുടെയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം തീരുമാനിക്കുന്നത്. കേരളത്തിന് അര്‍ഹമായ വിഹിതത്തില്‍ ഏതെങ്കിലും തരത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പരിഹരിക്കപ്പെടുമെന്ന് ശ്രീ വി മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ മൂന്ന് ലക്ഷത്തിലധികം കോടി രൂപയുടെ പദ്ധതികള്‍ കേരളത്തിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ മികച്ച രീതിയില്‍ എത്തിക്കുന്നതില്‍ ഗ്രാമോത്സവം പോലുള്ള സംയോജിത ബോധവത്കരണ പരിപാടികള്‍ക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ പരിഗണിച്ച് അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് കേന്ദ്ര ഗവണ്മെന്റിന്റെ നയം. സംസ്ഥാനത്തെ നടപടിക്രമങ്ങളാല്‍ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താക്കള്‍ക്ക് ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നു എന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കേരള, ലക്ഷദ്വീപ് റീജിയണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. വി പളനിചാമി, നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ ശ്രീ എം അനില്‍ കുമാര്‍, ഐ ഒ ബി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ. ജി വി ദയാല്‍ പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അപൂര്‍വ ഫോട്ടോ പ്രദര്‍ശനം ശ്രീ വി മുരളീധരന്‍ വീക്ഷിച്ചു. വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനാണ് ഗ്രാമോത്സവം സംഘടിപ്പിച്ചത്.

ആറ്റിങ്ങല്‍ സണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, വികസന പദ്ധതികള്‍, തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ഇതിന് പുറമെ പൂക്കളം,തിരുവാതിര കളി, നാടന്‍ പാട്ട് തുടങ്ങിയവയില്‍ മത്സരങ്ങളും ദേശീയ വിദ്യാഭ്യാസ നയം, സ്റ്റാര്‍ട്ട് അപ്പ് പദ്ധതികളിലെ അവസരങ്ങള്‍ ഏന്ന വിഷയത്തില്‍ ക്ലാസ്സുകളും നടക്കും. സ്ത്രി ശാക്തീകരണ പദ്ധതികള്‍ , സ്ത്രീ സുരക്ഷാ നിയമങ്ങള്‍ തുടങ്ങിവയിലും ബോധവത്കരണ ക്ലാസ് ഉണ്ടാകും.ആധാര്‍ സേവനങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *