കേരളം കത്തുമ്പോൾ മുഖ്യമന്ത്രി ചെണ്ടക്കൊട്ടി രസിച്ചു: വി.മുരളീധരൻ

കൊച്ചി : പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രഖ്യാപിച്ച ഹർത്താലിൽ ഇന്നലെ കേരളം മുഴുവൻ കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെണ്ടകൊട്ടി രസിച്ചുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഹർത്താലിനിടെ, കേരള പൊലീസ് സംഘടിപ്പിച്ച കൊക്കുണ്‍ സമ്മേളനം മുഖ്യമന്ത്രി ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തതത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ടവരെ എവിടെയെങ്കിലും പൊലീസ് നേരിട്ടതായി കണ്ടില്ല. പ്രതിപക്ഷ പാർട്ടികൾ ഹർത്താൽ നടത്തിയാൽ പൊലീസ് ഈ സമീപനം സ്വീകരിക്കുമോയെന്നും മന്ത്രി ചോദിച്ചു.

റോം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍റേത് അദ്ദേഹത്തിനെ അനുസ്മരിപ്പിക്കുന്ന പെരുമാറ്റമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അക്രമങ്ങൾ തടയാതെ പോലീസ് മേധാവിയും കൊക്കൂൺ സമ്മേളനം ആസ്വദിച്ചു.

രാജ്യത്തെ ഒന്നിപ്പിക്കാൻ നടക്കുന്ന രാഹുൽ ഗാന്ധി ഇന്നലെ ചാലക്കുടിയിൽ കണ്ടെയ്‌നറിൽ ഉറങ്ങുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.  പുറത്തുനടന്ന കാര്യങ്ങളൊന്നും രാഹുൽ അറിഞ്ഞില്ലേയെന്നും ഇസ്ലാമിക ഭീകരവാദത്തിനെതിരേ നാവുപൊങ്ങാത്തതെന്താണെന്നും വി.മുരളീധരൻ ചോദിച്ചു.

കോഴിക്കോട് പോപ്പുലർ ഫ്രണ്ട് മഹാസമ്മേളനം നടത്താൻ അനുവാദം കൊടുത്തത് സംസ്ഥാന സർക്കാരാണ്. സി.പി.എമ്മും കോൺഗ്രസും ഇസ്‍ലാമിക തീവ്രവാദത്തിന് ഒത്താശ ചെയ്യുകയാണ്. അക്രമത്തിനെതിരെ ബി.ജെ.പി രംഗത്തുവരുമെന്നും മന്ത്രി പ്രതികരിച്ചു. പോപുലർ ഫ്രണ്ടിനെ നിരോധിക്കണോ എന്ന കാര്യം ആഭ്യന്തര വകുപ്പ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും വി മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *