ദേശീയ വിദ്യാഭ്യാസ നയത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. എത്ര ഭീഷണിപ്പെടുത്തിയാലും കേന്ദ്രത്തിന്റെ ത്രിഭാഷാ നയം തമിഴ്‌നാട് അംഗീകരിക്കില്ലെന്നാണ് എംകെ സ്‌റ്റാലിൻ പറഞ്ഞത്. മണ്ഡല പുനനിർണയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ എംകെ സ്‌റ്റാലിൻ വിമർശിച്ചു.
മാത്രമല്ല വിഷയത്തിൽ എംകെ സ്‌റ്റാലിൻ തുറന്ന പോരിന് തയ്യാറെടുക്കുന്നതിന്റെ സൂചനകളും വാക്കുകളിൽനിന്ന് ലഭിക്കുന്നുണ്ട്. കാരണം ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള കേന്ദ്രത്തിന്റെ ത്രിഭാഷാ നയം നടപ്പിലാക്കില്ലെന്ന തന്റെ മുൻ നിലപാട് ആവർത്തിച്ച സ്‌റ്റാലിൻ, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എൻഇപി നടപ്പാക്കാത്തതിന് ഫണ്ട് തടഞ്ഞുവച്ചതായും ആരോപിച്ചു.
“എൻഇപി അടിച്ചേൽപ്പിച്ച് ഞങ്ങളുടെ വളർച്ചയെ തടയാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ അത് സ്വീകരിക്കാത്തതിനാൽ അവർ ഫണ്ട് നിഷേധിക്കുകയും ചെയ്‌തു” ചെന്നൈയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് എംകെ സ്‌റ്റാലിൻ വീണ്ടും കേന്ദ്രത്തെ കടന്നാക്രമിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും സ്‌റ്റാലിൻ പറഞ്ഞു. “ഹിന്ദി ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ആശയവിനിമയ ആവശ്യങ്ങൾക്കായി ഞങ്ങൾ ഞങ്ങളുടെ മാതൃഭാഷയായ തമിഴിലും ഒപ്പം ഇംഗ്ലീഷിലും സംതൃപ്‌തരാണ്. ആവശ്യമെങ്കിൽ ഹിന്ദി മാത്രമല്ല, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗ്രീക്കും ലാറ്റിനും വരെ ഞങ്ങൾ പഠിക്കാൻ തയ്യാറാണ്” എംകെ സ്‌റ്റാലിൻ വ്യക്‌തമാക്കി. ദ്വിഭാഷാ നയം കൊണ്ടാണ് തമിഴ്‌നാട് ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചതെന്നും സ്‌റ്റാലിൻ കൂട്ടിച്ചേർത്തു. മാത്രമല്ല നീറ്റ് പരീക്ഷ വിഷയത്തിലും സ്‌റ്റാലിൻ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രഥാന്റെ കത്തിന് കടുത്ത ഭാഷയിലാണ് സ്‌റ്റാലിൻ മറുപടി നൽകിയത്.
ഒരു നീറ്റ് പരീക്ഷ പോലും കെടുകാര്യസ്ഥതയില്ലാതെ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ തന്നെ ഉപദേശിക്കാൻ കേന്ദ്രത്തിന് അവകാശമില്ലെന്നായിരുന്നു സ്‌റ്റാലിൻ പറഞ്ഞത്. നരേന്ദ്ര മോദി സർക്കാരിനെതിരായ പോർമുഖം തുറന്ന സ്‌റ്റാലിൻ, 2024ലെ ഫെംഗൽ ചുഴലിക്കാറ്റിനുള്ള ദുരിതാശ്വാസ ഫണ്ട് കേന്ദ്രം വിതരണം ചെയ്‌തില്ലെന്നും ആരോപിച്ചു. നേരത്തെ തമിഴ്‌നാടിന്റെ പാർലമെന്റ് സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള വഴിയായി ഡീലിമിറ്റേഷൻ ഉപയോഗിക്കുന്നതിനെതിരെ സ്‌റ്റാലിൻ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വീണ്ടും അദ്ദേഹം ആവർത്തിച്ചു. സഭയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ശബ്‌ദം ഉയരുന്നത് തടയാനാണ് കേന്ദ്രം ഈ നടപടിയുമായി വരുന്നതെന്നാണ് സ്‌റ്റാലിൻ ആരോപിക്കുന്നത്

 
                                            