ന്യൂഡല്‍ഹി: കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടെയടക്കം ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി സംശയമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഇതിനായി ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസിന്റെ സേവനം ഉപയോഗപ്പെടുത്തിയെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
പ്രധാനമന്ത്രി മോദി. മറ്റ് മന്ത്രിമാര്‍, ആര്‍.എസ്.എസ് നേതാക്കള്‍, സുപ്രീംകോടതി ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റില്‍ വ്യക്തമാക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്നും ഇതിനു പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
അതേസമയം, പ്രതിപക്ഷ നിരയിലെ നിരവധി പേരുടെ ഫോണുകളും ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രിയാനും ആരോപിച്ചു. സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ട്വീറ്റിനു മറുപടി ആയായിരുന്നു പ്രതികരണം. പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019ല്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
