തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികളാണെന്നു വിവരം. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണു കേരളത്തിലെ ശിശുക്ഷേമ സമിതി വഴി ദത്തെടുത്തതെന്നും കുഞ്ഞ് സുരക്ഷിതമായി സന്തോഷത്തോടെ തങ്ങള്‍ക്കൊപ്പമുണ്ടെന്നും മാധ്യമങ്ങളോട് അവര്‍ വ്യക്തമാക്കി.
കേരളത്തിലെ സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. വിവാദമായ സംഭവമായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി. വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുന്‍പാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. കേരളത്തില്‍നിന്നും കുട്ടിയെ ലഭിച്ചപ്പോള്‍ സന്തോഷമായിരുന്നെന്നും അവര്‍ പറഞ്ഞു. ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താല്‍ക്കാലികമായി ആന്ധ്ര ദമ്പതികള്‍ക്കു ദത്തു നല്‍കിയത്.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അനുപമയും അജിത്തും. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൂടി ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം. ദത്തെടുത്ത മാതാപിതാക്കളെ ഓര്‍ത്താണ് സങ്കടമെന്നും അനുപമ പറഞ്ഞു.
