കൊച്ചി : കിറ്റെക്സ് കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നയായി വ്യവസായി എംഎ യൂസഫലി.വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന ആരോപണമുയര്‍ത്തി ഇടഞ്ഞുനില്‍ക്കുന്ന സാബു ജേക്കബിനോട തുറന്ന ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് യൂസഫലി ആവശ്യപ്പെട്ടു.
നിക്ഷേപങ്ങള്‍ കേരളത്തില്‍ തന്നെ നിലനില്‍ക്കണമെന്ന് അഭിപ്രായപ്പെട്ട യൂസഫലി സര്‍ക്കാരും കിറ്റെക്സും എല്ലാ പ്രശ്നങ്ങളും പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും പറഞ്ഞു. ഉടന്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് സൂചിപ്പിച്ച താന്‍ കിറ്റെക്സ് ഗ്രൂപ്പുമായി സംസാരിച്ചിരുന്നതായും യൂസഫലി വ്യക്തമാക്കി.
കോടികളുടെ നിക്ഷേപമല്ല, നൂറ് രൂപയുടെ നിക്ഷേപമായാലും അത് കേരളം വിട്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നാണ് യൂസഫലിയുടെ നിലപാട്. ഭാവി തലമുറയ്ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് വിലകുറച്ച് കാണരുതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ വ്യക്തമാക്കി. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
