അമേരിക്ക: കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ നീലച്ചിത്ര ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത് ടി.വി ചാനല്‍. അമേരിക്കയിലെ വാഷിങ്ടണിലെ പ്രാദേശിക വാര്‍ത്താ ചാനലായ ക്രെം ആണ് ഈവനിങ് ബുള്ളറ്റിനിടെ ലൈംഗിക ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്.
ചാനലിലെ കാലാവസ്ഥാ നിരീക്ഷകയായ മിഷേല്‍ ബോസ് ആഴ്ച അവസാനം മിതമായ താപനിലയില്‍ നല്ല കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് വിശദീകരിക്കുന്നതിനിടെയാണ് പശ്ചാത്തലത്തില്‍ നീലച്ചിത്ര ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഏകദേശം 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള നഗ്‌നയായ സ്ത്രീയുടെ ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തില്‍ ഒന്ന് നടന്നിട്ടും ആദ്യം അവതാരകയുടെയോ പ്രൊഡ്യൂസറുടെയോ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ആദ്യ 13 സെക്കന്‍ഡ് ദൃശ്യങ്ങള്‍ പോയതിന് ശേഷം പെട്ടെന്നുതന്നെ വാര്‍ത്താവതരണം നിര്‍ത്തുകയായിരുന്നു. എന്തായാലും സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പിന്നാലെ തന്നെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതില്‍ ചാനല്‍ പ്രേക്ഷകരോട് ഖേദം പ്രകടിപ്പിച്ചു. ചില അനുയോജ്യമല്ലാത്ത ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും-ചാനല്‍ പറഞ്ഞു.
