തിരുവനന്തപുരം : 2021 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക പുറത്തുവിട്ടത്. സിപിഎമ്മിനെയും ബിജെപിയേയും നേരിടാൻ കരുത്തുള്ള നേതാക്കന്മാരെയാണ് ഇക്കുറി ഇലക്ഷന് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.
ജനജീവിതത്തെ ദുസ്സഹമാക്കി കൊണ്ടിരിക്കുന്ന ഭരണസംവിധാനങ്ങൾ നിന്ന് വ്യത്യസ്തമായി കേരളത്തിന് ശാന്തിയും ഐശ്വര്യവും നിറമാടുന്ന നാളുകൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഭരണ മാറ്റം ആകും 2021 ഇലക്ഷനിൽ എന്ന് മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന നേമം മണ്ഡലത്തിൽ കെ മുരളീധരൻ മത്സരിക്കും. നേമത്ത് കോൺഗ്രസ് ശക്തമായ സാന്നിധ്യം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പട്ടികയാണ് നിലവിൽ വന്നിരിക്കുന്നത്. പത്തോളം സ്ത്രീ ജനങ്ങൾക്കാണ് ഇത്തവണ പട്ടികയിൽ ഇടം നേടാൻ സാധിച്ചത്. കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം സ്വീകരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം അദ്ദേഹം രാഹുൽഗാന്ധിക്കും സോണിയാഗാന്ധിക്കും നന്ദി രേഖപെടുത്തുകയും ചെയ്തു.
പ്രിയങ്ക ഗാന്ധി, എ കെ ആന്റണി, കെ സി വേണുഗോപാൽ ഇവരെല്ലാം കോൺഗ്രസിന്റെ പിൻബലമാണെന്നും ഇത്തവണ കേരളത്തിൽ കോൺഗ്രസ് ശക്തമായി തിരികെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസങ്ങളോളം കേരളത്തിൽ കഠിനാധ്വാനം ചെയ്ത് താരിഖ് അൻവറിനെയും അദ്ദേഹം അഭിനന്ദിച്ചു.
പട്ടികയിൽ 55 ശതമാനത്തോളം പുതുമുഖങ്ങളെയാണ് കോൺഗ്രസ് കൊണ്ടുവന്നിരിക്കുന്നത്. നിലവിൽ 92 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത് അതിൽ 86 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കാനാണ് തീരുമാനം.
