കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈനില്‍ നാലിരട്ടി നഷ്ടപരിഹാരം നല്‍കും : വി മുരളീധരന്
കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കുന്നതിനു പോലും വീഴ്ച വരുത്തുന്ന ഒരു സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കുടിയിറക്കപെടുന്നവര്‍ക്ക്
നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്.
നിരണത്ത് കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉള്ള സാഹചര്യം സൃഷ്ടിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകരെ അവഗണിക്കുന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത് തങ്ങളുടെ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന ആളുകള്‍ ആണ് കേരളത്തില്‍ ഭരിക്കുന്നത്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമുള്ള കര്‍ഷകര്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നാണോ കമ്മ്യൂണിസ്റ്റുകാരുടെ നിലപാടെന്ന് വി.മുരളീധരന് ചോദിച്ചു. ഉത്തരേന്ത്യയിലെ കര്‍ഷകര്‍ക്കു വേണ്ടിയെ വിഡി സതീശന്റെയും രാഹുല്‍ ഗാന്ധിയുടെയും പാര്‍ട്ടി സമരം ചെയ്യുകയുള്ളോ എന്നും മുരളീധരന് ചോദിച്ചു.
പിണറായി വിജയന് സര്‍ക്കാരിന്റെ കീഴില്‍ 2019 ല്‍ 128 കര്‍ഷകരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്, 2020 ആയപ്പോഴേക്കും അത് 375 ആയി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിരണത്ത് കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്ഷകന്, കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മഴ മൂലം കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കേണ്ട ഗതികേടിലായിരുന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ ആശങ്കകള്‍ നേരിട്ടറിയാന്‍ ചിറയിന്‍കീഴ് കിഴുവിലം പഞ്ചായത്തില്‍ പ്രതിരോധ യാത്രകിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
