കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. മുഖ്യപ്രതി ബിജോയ് ഉള്‍പ്പടെ അഞ്ച് പ്രതികളുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചി യൂണിറ്റിലെ എസിപി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബാങ്കിൽ നിന്നും പ്രതികൾ തട്ടിച്ചെടുത്ത പണം ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകൾ കണ്ടെത്തുന്നതിനായാണ് പരിശോധന.

രാവിലെ എട്ടുമണിയോണ് ഇഡിയുടെ സംഘം പ്രതികളായ സുനില്‍ കുമാര്‍, ബിജു കരീം, ജില്‍സ്, ബിജോയ് എന്നിവരുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. വലിയ സുരക്ഷാ സന്നാഹത്തിലാണ് പരിശോധന. കേസില്‍ കേന്ദ്രഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇനിയും കുറ്റപത്രം നല്‍കാനായിട്ടില്ല. കേസിലെ സങ്കീര്‍ണതകളാണ് കാരണം.

Leave a Reply

Your email address will not be published. Required fields are marked *