തൃശ്ശൂര്‍: സിപിഐഎം ഭരണസമിതിയുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും. തൃശൂര്‍ ഓഫിസില്‍ ഹാജരാകാന്‍ മൂന്ന് അംഗങ്ങള്‍ക്ക് ക്രൈംബ്രൈാഞ്ച് നിര്‍ദേശം നല്‍കി. വായ്പ അനുവദിച്ചതിലെ അപാകതകളെക്കുറിച്ച് പ്രധാനമായും അന്വേഷിക്കും. ബാങ്ക് ഉദ്യോഗസ്ഥരായ പ്രതികളോടും ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിരോധത്തിലായ സിപിഐഎം വിഷയത്തില്‍ അടിയന്തിര സര്‍ക്കാര്‍ ഇടപെടലിന് നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പുകാര്‍ക്ക് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പിന്തുണ കിട്ടില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി സഹകരണ ബാങ്കുകളെക്കുറിച്ച് ഉയരുന്ന എല്ലാപരാതികളിലും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്.
