ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ എം.എം മണി വിജയിച്ചു. ഒന്‍പതാം റൗണ്ട് എണ്ണി തീര്‍ന്നതോടെ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം മണി വിജയിച്ചത്. 2001 മുതല്‍ തുടര്‍ച്ചയായി സിപിഐഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം.എം മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.
എം.എം മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
എല്ലാവര്‍ക്കും നന്ദി.
എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. അത് അഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ നമുക്ക് ഒന്നിച്ചു മുന്നേറാം.
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മന്ത്രി എം.എം മണിയോട് തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഇ.എം അഗസ്തി. ഫെയ്‌സ്ബുക്ക് പോസ്റ്റലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇ.എം അഗസ്തി ഫെയ്‌സ്ബുക്ക് കുറിപ്പ്…
എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും.

 
                                            