തിരുവനന്തപുരം: പരസ്പരം പോരടിച്ചു ഐ.എന്‍.എല്‍ പിളര്‍പ്പിലേക്ക് .പാര്‍ട്ടിയിലെ ഇരുവിഭാഗം നേതാക്കളെയും എ.കെ.ജി. സെന്ററില്‍ വിളിച്ചുവരുത്തി സി.പി.എം. ഇനി ഇടതുമുന്നണിയില്‍ ഏതു വിഭാഗത്തിനാണ് ഇടംകിട്ടുകയെന്നതും രണ്ടു വിഭാഗത്തെയും കൂടെനിര്‍ത്തുമോയെന്നതും ചോദ്യമാണ്. ഇതില്‍ സി.പി.എമ്മിന്റെ നിലപാട് നിര്‍ണായകമാകും.
ഐ.എന്‍.എല്‍. ദേശീയ നേതൃത്വം, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണെന്നാണ് സൂചന. മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഈ വിഭാഗത്തിലാണ്. അതിനാല്‍, ഔദ്യോഗിക വിഭാഗമായി കാസിമിനെയും കൂട്ടരെയും കണ്ട് മുന്നണിയില്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് എളുപ്പമാണ്. അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനത്തിനും പരിക്കുണ്ടാകില്ല.
എന്നാല്‍ ദേശീയനേതൃത്വം കാസിമിനെ പിന്തുണച്ചാല്‍ സംസ്ഥാന പ്രസിഡന്റ് പി.വി. അബ്ദുള്‍ വഹാബിന് പുതിയ പാര്‍ട്ടിയുണ്ടാക്കേണ്ടിവരും. അല്ലെങ്കില്‍, ദേശീയ നേതൃത്വത്തെ കൂടെനിര്‍ത്തി യഥാര്‍ഥ ഐ.എന്‍.എല്‍. തങ്ങളാണെന്ന് എല്‍.ഡി.എഫിനെക്കൂടി ബോധ്യപ്പെടുത്തേണ്ടിവരും. കൂടെനിര്‍ത്തിയാലും രണ്ടുവിഭാഗത്തെയും ഘടകകക്ഷിയാക്കുമോയെന്നതില്‍ സംശയമുണ്ട്.
