ഐക്യത്തിലും ചേരിപ്പോര് തുടർന്ന് കോൺ​ഗ്രസ്

സംസ്ഥാന കോൺഗ്രസിൽ ഐക്യ സന്ദേശം മുഴക്കാനും വരുന്ന തിരെഞ്ഞടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കുന്നതിനെ പറ്റി ആലോചിക്കാനും എ.ഐ.സി.സി നേതൃത്വം യോഗത്തിന് വിളിച്ചവരുടെ മാനദണ്ഡം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ ചൂടുപിടിക്കുന്നു. കെ.പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷനേതാവ് എന്നിവർക്ക് പുറമേ ചില മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാർ, എം.പി മാർ, ചില മുതിർന്ന നേതാക്കൾ, ചില വനിതാ നേതാക്കൾ എന്നിവർക്ക് മാത്രം എങ്ങനെ യോഗത്തിലേക്ക് ക്ഷണം കിട്ടിയെന്ന ചർച്ചകളാണ് പാർട്ടിയിൽ ചൂടുപിടിക്കുന്നത്.

ഇതിനിടെ ക്ഷണം ലഭിച്ച മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർ യോഗത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു. കേരളത്തിലെ പാർട്ടിയെ തിരഞ്ഞെടുപ്പുകളിലേക്ക് സജ്ജമാക്കാനും സംഘടന സംവിധാനത്തിന് ഊർജ്ജം പകരാനും വിളിച്ച യോഗത്തിൽ കെ.പി.സി.സി ഭാരവാഹിയായി പങ്കെടുത്ത ആകെ ഒരാൾ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ മാത്രമാണ്.

സംഘടനയുമായി ബന്ധപ്പെട്ട ഭാരവാഹികളാരും യോഗത്തിൽ ഉണ്ടായിരുന്നില്ല. മറിച്ച് എല്ലാ എം.പിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചത് ഏത് മാനദണ്ഡപ്രകാരമെന്ന് ഇനിയും വ്യക്തമായിട്ടില്ല. എം.പിമാരെ ക്ഷണിക്കുമ്പോൾ നിയമസഭാംഗങ്ങെള എന്തിന് ഒഴിവാക്കിയെന്നും വ്യക്തമല്ല. എം.പിമാരാണ് എല്ലാമെന്നും സംഘടനാ സംവിധാനപ്രകാരമല്ല കാര്യങ്ങൾ പോകുന്നതെന്നും ‘അവിടവിടെ’ ചിലർ പരാതികൾ ഉന്നയിക്കുന്നുണ്ട്.

രാഹുൽ, പ്രിയങ്ക, ഖാർഗെ എന്നിവരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചതു കൊണ്ടാവാം എം.പിമാരെ എല്ലാവരെയും യോഗത്തിന് വിളിച്ചതെന്നും എം.എൽ.എമാരെ പടിയടച്ച് പിണ്ഡം വെച്ച അവസ്ഥയാണെന്നും പാർട്ടിയിൽ നിന്നു തന്നെ പരിഹാസമുയർന്നിട്ടുണ്ട്. ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ, പി.കെ ജയലക്ഷ്മി എന്നിവരെ മാത്രമായി എങ്ങനെ വനിത പ്രാതിനിധ്യത്തിന്റെ പേര് പറഞ്ഞ് ഉൾപ്പെടുത്താനാവുമെന്നും ചോദ്യമുയരുന്നു.

എന്നാൽ മഹിള കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷയായതിനാലാണ് ബിന്ദു കൃഷ്ണയെ ഉൾപ്പെടുത്തിയതെന്ന വാദവും ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ മറ്റ് മുൻ അദ്ധ്യക്ഷമാർക്ക് ക്ഷണം ഉണ്ടായിരുന്നോയെന്ന ചോദ്യവും ബാക്കിയാണ്. യോഗത്തിൽ ഇഷ്ടക്കാരെ മാത്രമാണ് ഉൾപ്പെടുത്തിയതെന്ന പൊതുവികാരമാണ് സംസ്ഥാനത്തെ ചില നേതാക്കൾക്കിടയിലുള്ളത്. എന്നാൽ സദുദ്ദേശ്യപരമായാണ് യോഗം വിളിച്ചതെന്നും അതിൽ തർക്കമുണ്ടാകേണ്ട കാര്യമില്ലെന്നുമാണ് മറുവാദമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *