ആലപ്പുഴ: നൂറനാട് പൊലീസ് തയാറാക്കിയ എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’. സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം നൂറനാട് പൊലീസ് തയാറാക്കിയ എഫ്ഐആറിൽ വാക്യഘടനയിൽ പിശകു വന്നതോടെ മുഖ്യമന്ത്രി പ്രതിയാകുകയായിരുന്നു.
എഫ്ഐആറിന്റെ ഉള്ളടക്കം പരാമർശിക്കുന്ന ഭാഗത്ത് ‘സ്വർണക്കടത്തു കേസ് പ്രതി ബഹു.മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി’ എന്നു പറയുന്നുണ്ട്. ആദ്യ വായനയിൽ സ്വർണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിയാണെന്നും തോന്നു. സ്വർണക്കടത്ത് കേസ് പ്രതി കഴിഞ്ഞ് ഒരു കോമ ഇടുകയോ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വർണക്കടത്ത് കേസ് പ്രതിയെന്ന് എഴുതുകയോ ചെയ്തിരുന്നെങ്കിൽ ഈ പിശക് ഒഴിവാക്കാമായിരുന്നു.
പിഴവു സംഭവിച്ചിട്ടില്ലെന്നും ഒരു കോമയുടെ പ്രശ്നം മാത്രമേ ഉള്ളൂ എന്നും എഫ്ഐആർ വായിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും സ്റ്റേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
