പാലക്കാട്: തന്റെ ഫ്ലാറ്റിൽ നിന്ന് ഒരു സംഘം ആളുകൾ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടികൊണ്ടു പോയെന്ന് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. ആരൊക്കെയോ വന്ന് പട്ടാപ്പകൽ ഒരു വെള്ളസ്വിഫ്റ്റ് കാറിൽ സരിത്തിനെ കൊണ്ട് പോവുകയായിരുന്നു. പൊലീസെന്നാണ് അവർ അവകാശപ്പെട്ടത്. നാല് പേരടങ്ങിയ സംഘമാണ് വന്നതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
യൂണിഫോമോ ഐഡി കാർഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് പിടിച്ചുവലിച്ച് സരിത്തിനെ കൊണ്ട് പോയത്. എന്‍റെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സരിത്തിന്‍റെയും പേരിലുള്ള ഭീഷണി ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ, പാലക്കാട്ടെ എന്‍റെ ഫ്ലാറ്റിൽ നിന്നാണ് സരിത്തിനെ ഒരു സംഘം പിടിച്ചുകൊണ്ട് പോയത്’, എന്ന് സ്വപ്ന സുരേഷ് പറയുന്നു.
ഇന്ന് രാവിലെ പാലക്കാട്ട് വച്ച് മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ചിരുന്നു. സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നൽകിയത്.
