ഉരുള്‍പൊട്ടല്‍: 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

കോട്ടയം: കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ 13പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍. ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ 9 മൃതദേഹങ്ങള്‍ കണ്ടെത്തി എന്നും 2 പേരെ കാണാതായി എന്നും ജില്ലാഭരണ സംവിധാനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നാളെയും തുടരും.

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച മുതല്‍ 3-4 ദിവസങ്ങളില്‍ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 20 നു 10 ജില്ലകളിലും ഒക്ടോബര്‍ 21 നു 6 ജില്ലകളിലും മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമഴ അവസാനിച്ചിട്ടില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നത്.

ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ലക്ഷദീപിനു സമീപം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും നാളെ വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തൃശൂര്‍, പാലക്കാട് പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *