ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഉത്സവ സീസണിനു മുന്നോടിയായി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഉത്സവങ്ങള്‍ വീടുകളില്‍ ആഘോഷിക്കണമെന്നും അനുയോജ്യമായ കോവിഡ് പ്രതിരോധ പെരുമാറ്റം പിന്തുടരണമെന്നും ഊഴത്തിനനുസരിച്ച് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
ബഹുജന ഒത്തുചേരലുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നു പറഞ്ഞ മന്ത്രാലയം കൂടിച്ചേരുകളില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമാണെങ്കില്‍ പൂര്‍ണ പ്രതിരോധ കുത്തിവയ്പ് മുന്നുപാധിയാക്കണമെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.
കേരളത്തില്‍ ഓണത്തിനുശേഷം പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങളായി മുപ്പതിനായിരത്തിനു മുകളിലാണ് പ്രതിദിന കേസുകളുടെ എണ്ണം. ഇന്ന് കേരളത്തില്‍ 32,097 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
