ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു

ഉത്തരാഖണ്ഡ്: മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. നാലുമാസം മുന്‍പാണ് ലോക്‌സഭാ എംപിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. സംസ്ഥാത്ത് ‘ഭരണഘടന പ്രതിസന്ധി’ ഒഴിവാക്കാന്‍ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്. ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റിയാണ് ഈവര്‍ഷം മാര്‍ച്ച് പത്തിന് ബിജെപി തിരാത് സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത്.

ലോക്സഭാംഗമായ തിരാത് സിങ് ആറ് മാസത്തിനകം ഏതെങ്കിലുമൊരു മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. സെപ്റ്റംബര്‍ പത്തിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ തിരാതിന് നിയമസഭയിലെത്താനാവില്ല. ഉപതെരഞ്ഞെടുപ്പ് നടത്തുകയാണോ അതല്ലെങ്കില്‍ തിരാതിനെ മാറ്റി നിലവില്‍ എം.എല്‍.എയായ ഒരംഗത്തെ മുഖ്യമന്ത്രിയായക്കുകയാണോ വേണ്ടത് എന്നത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരുന്നു.നിലവില്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് 23ന് അവസാനിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇടയില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.

അതേസമയം, പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ഉത്തരഖണ്ഡിലെ ബിജെപി എംഎല്‍എമാര്‍ ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ഡെറാഡൂണില്‍ യോഗം ചേരും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മദന്‍ കൗശിക് യോഗത്തിന് നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *